
ന്യൂഡൽഹി: ഇന്ത്യയുടെ നടപ്പുവർഷത്തെ ആദ്യ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ 7.8 ശതമാനം ജിഡിപി വളർച്ചയെ ചോദ്യം ചെയ്ത് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഏപ്രിൽ–ജൂൺ കാലയളവിൽ ഇന്ത്യയുടെ യഥാർഥ വളർച്ച 2.6 ശതമാനം മാത്രമാണെന്നാണ് ഗാർഗ് എക്സിൽ കുറിച്ചത്. ഇറാൻ–യുഎസ് സംഘർഷം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിലും 7.8 ശതമാനം വളർച്ച നേടിയെന്ന കേന്ദ്രസർക്കാരിന്റെ കണക്കിനെയാണ് അദ്ദേഹം വിമർശിച്ചത്.
2017 മുതൽ 2019 വരെ നരേന്ദ്ര മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറിയായിരുന്ന ഗാർഗ്, 2019ൽ ഊർജ മന്ത്രാലയത്തിലേക്ക് മാറ്റിയതിന് പിന്നാലെ സ്വയംവിരമിക്കൽ സ്വീകരിച്ചിരുന്നു. പിന്നീട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗാർഗിന്റെ പരാമർശം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസും രംഗത്തെത്തി. ജിഡിപി വളർച്ച ഉയർന്നതായി കാണിക്കാനായി മുൻവർഷത്തെ കണക്കുകൾ കേന്ദ്രം മനഃപൂർവം താഴ്ത്തിക്കാണിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. മോദി സർക്കാരിന്റെ തന്നെ കണക്കുകൾ വളർച്ചാ നിരക്കിലെ കൃത്രിമം വ്യക്തമാക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. ഗാർഗിന്റെ പരാമർശത്തോടെ ഇക്കാര്യം കൂടുതൽ വ്യക്തമായെന്നും ഇന്ത്യ യഥാർഥത്തിൽ വളർന്നിട്ടില്ലെന്നും പാർട്ടി പ്രതികരിച്ചു.
എന്നാൽ ഗാർഗ് പുറത്തുവിട്ട കണക്കുകൾ വസ്തുതാപരമല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ വിശദീകരണം. ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം 2011–12ൽ നിന്ന് 2022–23ലേക്ക് മാറ്റിയതാണ് പ്രധാന വ്യത്യാസമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പുതിയ അടിസ്ഥാന വർഷം അനുസരിച്ച് ഏപ്രിൽ–ജൂൺ പാദത്തിലെ നോമിനൽ ജിഡിപി 80 ലക്ഷം കോടി രൂപയിൽ നിന്ന് 88.27 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ നോമിനൽ ജിഡിപി വളർച്ച 10.3 ശതമാനമായി.
അതേസമയം, പണപ്പെരുപ്പത്തിന്റെ സ്വാധീനം ഒഴിവാക്കി കണക്കാക്കുന്ന റിയൽ ജിഡിപി 75.46 ലക്ഷം കോടി രൂപയിൽ നിന്ന് 81.36 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 7.8 ശതമാനം യഥാർഥ ജിഡിപി വളർച്ച രേഖപ്പെടുത്തിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഗാർഗ് 2025–26ലെ ജൂൺപാദത്തിലെ 88.27 ലക്ഷം കോടി രൂപയുടെ നോമിനൽ ജിഡിപിയെ 2011–12 അടിസ്ഥാന വർഷം ഉപയോഗിച്ചുള്ള 86.05 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്താണ് 2.6 ശതമാനം വളർച്ചയെന്ന നിഗമനത്തിലെത്തിയത്. എന്നാൽ, രണ്ട് വ്യത്യസ്ത അടിസ്ഥാന വർഷങ്ങളിലെ കണക്കുകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
ഒരു നിശ്ചിത കാലയളവിൽ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും നിലവിലെ വിപണിവില പ്രകാരമുള്ള മൊത്തം മൂല്യമാണ് നോമിനൽ ജിഡിപി. പണപ്പെരുപ്പത്തിന്റെ സ്വാധീനം ഒഴിവാക്കി അടിസ്ഥാന വർഷത്തെ വിലകൾ പരിഗണിച്ച് കണക്കാക്കുന്നതാണ് റിയൽ ജിഡിപി. അതിനാൽ അടിസ്ഥാന വർഷത്തിലെ മാറ്റം കണക്കിലെടുക്കാതെ 2.6 ശതമാനം വളർച്ചയെന്ന നിഗമനത്തിലെത്തുന്നത് വസ്തുതാപരമല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.










